ഇസ്ലാമോഫോബിയ: എങ്ങനെ നേരിടാം
ടി.കെ അലിഅശ്റഫ് ( എഡിറ്റര്‍, രിസാല വാരിക)
ഈയടുത്ത് ബാംഗ്ളൂരില്‍ കണ്ട മനോഹരമായ ഒരു കാഴ്ചയെക്കുറിച്ച് സുഹൃത്ത് പറയുകയുണ്ടായി. ഹാഫ് സ്ളീവ് ഷര്‍ട്ടും ടൈറ്റ് ജീന്‍സും ധരിച്ച ഒരു പെണ്‍കുട്ടി. കണ്ണൊഴികെ മുഖം മുഴുവന്‍ മറയ്ക്കുന്ന ഹെഡ് സ്കാര്‍ഫും ധരിച്ച് നഗരത്തിലെ തിരക്കേറിയ എം ജി റോഡിലൂടെ നടന്നു പോവുന്ന കാഴ്ച. ഒരേ സമയം ഹിജാബിനു വേണ്ടിയുള്ള മുസ്ലിംകളുടെയും ഹിജാബിന്നെതിരെയുള്ള മതേതരവാദികളുടെയും കാര്യകാരണങ്ങളുടെ മുനയൊടിക്കുന്നുണ്ട് ഈ പെണ്‍കുട്ടി. ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ ചിത്രം എന്ന പേരില്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്, പൂര്‍ണമായി ഹിജാബ് ധരിച്ച ഒരു കൂട്ടം സ്ത്രീകളുടെയും അവരുടെ ചിത്രമെടുക്കുന്ന യുവാവിന്റെയുമാണ്. മുഖം തിരിച്ചറിയാന്‍ ഒരോരുത്തരുടെയും ഹിജാബ് അഴിച്ചുനോക്കേണ്ടി വരുമല്ലോ എന്ന പരിഹാസമാവാം ഈ ചിത്രത്തെ രണ്ടായിരത്തിപ്പത്തിലെ മികച്ച ചിത്രമായിക്കാണാന്‍ ചിലരെയെങ്കിലും പ്രേരിപ്പിച്ചത്.
പറഞ്ഞുവരുന്നത്, പൊതു ഇടങ്ങള്‍ എന്നു നാം കരുതിപ്പോന്ന ഇടങ്ങളിലേക്കുള്ള ഇസ്ലാമിന്റെ കടന്നുകയറ്റത്തെക്കുറിച്ചാണ്. സ്വകാര്യം/പൊതു എന്നിങ്ങനെയുള്ള മതേതര വിഭജനത്തെ ഇസ്ലാം എങ്ങനെയൊക്കെയാണ് തോല്‍പിച്ചുകളയുന്നത് എന്നതിനെയും കുറിച്ചാണ്. മുസ്ലിംകളെ സംബന്ധിച്ചേടത്തോളം അവരുടെ സ്വകാര്യജീവിതം തന്നെയാണ് പൊതുജീവിതം. അതുകൊണ്ടുതന്നെ ഒരു മതേതര സമൂഹത്തില്‍ ഇതെങ്ങനെ സാധ്യമാവും എന്ന ചിന്ത കടന്നുവരുന്ന അതേ സമയത്തു തന്നെ അതിന്റെ സ്പന്ദിക്കുന്ന ഉത്തരങ്ങള്‍ ലോകത്തെവിടെയും മുസ്ലിംകള്‍ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നതിന്റെ വാര്‍ത്തകളും പല ഭാഗത്തുനിന്നായി നാം കേട്ടു കൊണ്ടിരിക്കുന്നു. യൂറോപ്പില്‍ മിനാരങ്ങളുള്ള പള്ളികള്‍ പണിതും, കേരളം പോലുള്ളയിടങ്ങളില്‍ പഴയകാല ആര്‍ക്കിടെക്ചറുകള്‍ക്ക് പകരം അറേബ്യന്‍ ആര്‍ക്കിടെക്ചറിലുള്ള പള്ളികള്‍ നിര്‍മിച്ചും, ഹലാല്‍ ചിക്കന്റെയും ആല്‍ക്കഹോള്‍ ഫ്രീയായ ബീവറേജിന്റെയും മാര്‍ക്കറ്റുകള്‍ തുറന്നും, സ്ത്രീകള്‍ക്കായി പ്രത്യേക ബീച്ചുകളുണ്ടാക്കിയും, ഹിജ്റ കലണ്ടറിനെ വ്യാപകമാക്കിയുമാണ് മുസ്ലിംകള്‍ അവരുടെ സ്വകാര്യജീവിതത്തെ പൊതുമണ്ഡലത്തിലേക്ക് വലിച്ചു നീട്ടിക്കൊണ്ടിരിക്കുന്നത്. പൊതുമണ്ഡലത്തിലേക്കുള്ള ഇസ്ലാമിന്റെ ഈ ഇരച്ചുകയറ്റം ഒരേ സമയം ഇസ്ലാമിനകത്തും പുറത്തും നടക്കുന്ന സാമ്പത്തിക സാമൂഹിക സംസ്കാരിക താല്‍പര്യങ്ങളുടെ തുടര്‍ച്ചയാണ്. കെ.എഫ്.സി പോലുള്ള ഒരു മള്‍ട്ടി നാഷനല്‍ കമ്പനി ഇസ്ലാമിക വിശ്വാസികളെ അഭിമുഖീകരിക്കുന്നത് ഹലാല്‍ ചിക്കന്‍ വിതരണം ചെയ്തുകൊണ്ടാണ്. ഇതു നല്‍കുന്ന സൂചന മുസ്ലിംകളുടെ ഇസ്ലാമിക ജീവിതത്തോട് മൂലധനവും അതിന്റെ അനുബന്ധങ്ങളും എങ്ങനെ പ്രതികരിക്കുമെന്നതിന്റേതാണ്. മുസ്ലിംകള്‍ക്കിടയില്‍ നടക്കുന്ന ആക്ടീവ് ഇസ്ലാമൈസേഷന്‍ ലോകത്താകമാനം ഇങ്ങനെയൊരു വിപണിക്കുള്ള വാതില്‍ തുറക്കുന്നുണ്ട്. ട്രാവല്‍ ആന്റ് ടൂറിസത്തില്‍ തുടങ്ങി ഹെഡ്സ്കാര്‍ഫ് ഇന്‍ഡസ്ട്രി വരെ നീളുന്ന ഈ വിപണി ഇസ്ലാമോഫോബിയ എന്നു പറയുന്ന ഇസ്ലാം പേടി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് അതിന്ന് സമാന്തരമായി വികസിച്ചുകൊണ്ടിരിക്കുന്നത്.
തിരിച്ചടികള്‍ നേരിടുന്നുണ്ടെങ്കിലും (ഉദാ. ഫ്രാന്‍സിലെ സ്കാര്‍ഫ് നിരോധം/സ്വിറ്റ്സര്‍ലാന്റിലെ മിനാര നിരോധം) പൊതുജീവിതത്തെ ഇസ്ലാമികവത്കരിക്കുക വഴി പൊതുമണ്ഡലത്തെ കുറെക്കൂടി ജനാധിപത്യവത്കരിക്കാനാവുമോ എന്ന മുസ്ലിംകളുടെ അന്വേഷണ പരിശ്രമങ്ങള്‍ വെറുതെയാവുന്നില്ലെന്ന് ചുരുക്കം. മുസ്ലിംകളെ ഒഴിവാക്കിക്കൊണ്ട് മൂലധന സ്ഥാപനങ്ങള്‍ക്ക് നിലനില്‍ക്കാനാവുമോ? വര്‍ധിച്ചുവരുന്ന പര്‍ദ്ദാ ആവശ്യക്കാര്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കാന്‍ ഫ്രാന്‍സിന്റെ സമ്പദ്ഘടനക്ക് എത്രകാലം കഴിയും? സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക വഴി മുസ്ലിംകളെ കൂടി, മുന്നേറിക്കൊണ്ടിരിക്കുന്നു എന്നു പറയപ്പെടുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കാന്‍ മന്‍മോഹന്‍സിംഗ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഇസ്ലാമോഫോബിയ എന്ന പ്രതിഭാസത്തിന്റെ ആയുസ്സ് തീര്‍ത്തും ശുഷ്ക്കമായിരിക്കില്ലേ എന്നാണെന്റെ ആലോചന. പ്രത്യേകിച്ചും മുസ്ലിംകള്‍ക്കിടയില്‍ മധ്യവര്‍ഗവത്കരണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. ആക്ടീവ് ഇസ്ലാമൈസേഷന്റെ വരവും മുസ്ലിംകളുടെ വാങ്ങല്‍ശേഷിയും കൂടിക്കൊണ്ടിരിക്കുമ്പോള്‍, ആര്‍ക്കും മുസ്ലിംകള്‍ക്ക് നേരെ/ഇസ്ലാമിന്ന് നേരെ വിമുഖരായിരിക്കാനാവില്ല. അതിനാല്‍ സമീപഭാവിയില്‍തന്നെ ലാക്മെ പുറത്തിറക്കാനിരിക്കുന്ന ഹെഡ് സ്കാര്‍ഫിനെയാണ് ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ഇതുകൊണ്ടൊക്കെത്തന്നെ ഇസ്ലാം പേടിയെയല്ല, ഇസ്ലാമിന്റെ പേടിപ്പിക്കലുകളെയാണ്/വെളിപ്പെടലുകളെയാണ് വളരുന്ന ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. അതിനനുസരിച്ചാണ് പൊതുമണ്ഡലങ്ങള്‍ നിരന്തരമായി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്ലാം മാറ്റി നിര്‍ത്തപ്പെടേണ്ടതല്ല, മാറോടണച്ചു നിര്‍ത്തപ്പെടേണ്ടതാണ് എന്നിടത്തേക്കാണ് വിപണി കേന്ദ്രിത ലോകത്തിന്റെയും പൊതുമണ്ഡലത്തിന്റെയാകെത്തന്നെയും ആലോചനാവിഷയങ്ങള്‍ പുരോഗമിക്കുന്നത്. അതിനാല്‍ തന്നെ എങ്ങനെ നേരിടും ഇസ്ലാമോ ഫോബിയയെ എന്ന ചിന്തക്ക് തന്നെ ആയുസ്സ് കുറയുന്നതായാണ് എന്റെ വിലയിരുത്തല്‍.